Sunday, February 21, 2016

തൂവാല

കടും നിറത്തിലൊരു
തൂവാല നെയ്യണം.
സൂര്യകാന്തിപ്പാടത്തിന്റെ
തെച്ചിക്കാടുകളുടെ
ഇഴയടുപ്പത്തിൽ
ചിന്തകളെ ചിതറിപ്പിക്കുന്നയൊന്ന്.

കുടിച്ച് കുരവയിടാൻ മാറ്റിവെച്ച
ശനിയാഴ്ച്ചകളെ

പുതപ്പിന്‌ താഴെ
തലയിണയ്ക്ക് താഴെ
മനസ്സിനെ കയറൂരിവിട്ട ഞായറാഴ്ച്ചകളെ

അവധി ദിനങ്ങളുടെ അധികകുളിനേരങ്ങളെ
തുണിയലക്കുമ്പോളതിർത്തി വിട്ട കിനാക്കളെ

സൂചിയിൽ കൊരുക്കണം.

പനിക്കിടക്കയെ
പാറമുകളിലെ പാതിരാവെട്ടത്തെ
ഉച്ചച്ചൂടിലെ മാംസഗാനങ്ങളെ
ചവച്ചിറക്കിയ തെറിച്ചുവകളെ
വേനലവധിയിലൊളിഞ്ഞ് നോക്കിയവയെ

അടിനൂലായ് ചുറ്റണം.

അരികുകളിൽ
അണഞ്ഞ റാന്തലിൽ നിന്ന് വിടർന്നയിരുട്ടും
ആശകളുടെ ആനമയിലൊട്ടകങ്ങളും
നുണകളുടെ പൂർണതയും
കഥകളുടെ വിശ്വാസ്യതയും

കൈനൂലിടാം.

തുടർച്ചകളുടെ നിരർഥകതയിൽ
പ്രായോഗികതയുടെ കലണ്ടർക്കളങ്ങളിൽ
കിറുക്കിന്റെയീ ഉറുമാല്‌ പാറിക്കാം

രണ്ട് ഭ്രാന്തൻ കിനാക്കൾക്കിടയിലായ്
സേതുബന്ധനം
രണ്ട് ഒളിച്ചോട്ടങ്ങല്ക്കിടയിലായ്
ദീർഘനിശ്വാസം.



Sunday, February 14, 2016

പരസ്പരം

പരസ്പരം കടന്നു 
പോകുമ്പൊളൊക്കെയും
നാം മിണ്ടണമെന്നില്ലല്ലോ

ഉള്ളിലുറപൊട്ടിയ ഓർമകളുടെ
നനവിലൊന്നു നനഞ്ഞാൽമതി

ഓരൊ കാറ്റിലുമാടുമിലകൾ പോലെ
ഒന്നുലഞ്ഞൊഴിഞ്ഞങ്ങുപോയാൽമതി


പരിചിതനിൽ കണ്ട അപരിചിതത്വമാണ്
അവന്റെ ആഴങ്ങളിലേക്കുള്ള താക്കോൽ
 
ഓരോ കണ്ടുമുട്ടലുകളിലും ലോകം
അകത്തേയ്ക്ക് വളർന്നു ചുരുങ്ങുന്നുണ്ട്.

Saturday, February 13, 2016

ഇത്രയേ വേണ്ടൂ

ഒരു മുഖക്കുരു പോലെ ,
ആദ്യം കാണുമ്പോൾ അവഗണിക്കാം
പിന്നെ ,
തുടർച്ചയായ് വിരൽത്തൂമ്പകളാൽ ചുറ്റും തടം തുറക്കാം
പൂത്തോയെന്ന് കണ്ണാടിയോട് ശ്രദ്ധിക്കുവാൻ ഏല്പിക്കാം
കണ്ണാടി വിളിക്കുമ്പോഴൊക്കെ തെളിവെടുപ്പിന് പോകാം 


ഇനിയും പൂക്കുന്നില്ലെങ്കിൽ ,
നീണ്ട വിരലുകൾ വളച്ച് വശങ്ങളിൽ വളം വിതറാം
ചോട്ടിലേക്ക് മണ്ണമർത്തി ഒരു രാത്രി കാക്കാം

രാവിലെ കണ്ണാടിയിൽ, കുരുവിന്റെ ഉച്ചിയിൽ
കുഞ്ഞൻ മഞ്ഞിൻ കണം കണ്ടെന്നാൽ
പൂവ് വന്നെന്നാർക്കാതെ കൈനീട്ടിയത് പറിക്കാം
എന്നിട്ടൊഴിഞ്ഞ ഇടങ്ങളിലെ
ശൂന്യതയിൽ നൊന്ത്
മിണ്ടാതിരുന്നു നിലവിളിക്കാം
.
ഇത്രയേ വേണ്ടൂ കവിതയ്ക്ക്
ഏതിടത്തേയും ഈറ്റില്ലമാക്കാൻ.


ഇത്രയേ വേണ്ടൂ/ബിപിന്‍ 

കാന്തമലയും കപ്പല്‍ചാലും.

കൺപോളകളിൽ ഉറക്കത്തിന്റെ ഒരു തുണ്ടുമായ് , കാറ്റിലൊഴുകി നടക്കുന്ന ഒരുവളെ എനിക്കറിയാം. അവളുടെ കൺപോളകൾ എന്തിന്റെയോ തഴമ്പെന്നപോലെ എഴുന്ന് നില്ക്കുകയാണ്‌.
 
എന്തിന്റെയാകുമത്..!
 
കണ്ടെത്തുന്നവർക്ക് , അടുക്കാനുറയ്ക്കുന്നവർക്ക് മാത്രമായി കാലമിത്രയും മറഞ്ഞ് കിടന്നൊരു നിധിയുടെ തുടിപ്പാകുമോ! അതോ കഴിഞ്ഞ്പോയ കാലമെന്തെങ്കിലും അവിടെ മറന്ന് വെച്ചതാകുമോ അതോ, അതിനുമപ്പുറം ഇതുവരെ ഉണങ്ങാത്തൊരു മുറിവിന്റെ വിങ്ങലുകളാകുമോ! അവളുടെ കൺപോളകൾക്കെന്താകും പറയാനുണ്ടാകുക?
കാറ്റിലൊഴുകുന്നതിനൊപ്പം ചുമരുകളിൽ അവൾ പതിപ്പിച്ച വളരെ പ്രത്യേകതയുള്ള പദസഞ്ചയങ്ങൾ, പുതിയ പ്രയോഗങ്ങൾ, വാക്കുകൾ അവയുടെ കട്ടിയുള്ള കൂട്ടികെട്ടലുകൾ... അജ്ഞാതമായ ആ ഉൾക്കടലിലേക്ക് കപ്പലിറക്കുവാനിവയാണ്‌ കാരണം. കാറ്റിലൊഴുകുന്ന അവളെ കപ്പലിൽ പിന്തുടരണമെന്ന് അവയാണ്‌ പറഞ്ഞത്. കാറ്റിനൊപ്പമലഞ്ഞും തിരയ്ക്കൊപ്പം ഉലഞ്ഞുമുള്ള യാത്രകൾ. കാറ്റിനൊപ്പം അവളും അവൾക്കൊപ്പം കപ്പലും കപ്പലിൽ ഒരൊറ്റ നാവികനും.
അവളുടെ മുറിക്ക് വാതിലുകളില്ല. ഒരിക്കലുമത് ഉണ്ടായിരുന്നതിന്റെ പാടുകളുമില്ല. എപ്പൊഴും ഇറങ്ങാനും കയറാനും സാധിക്കുന്ന ഗുഹാമുഖം പോലെയുണ്ടത്. മുറിയിലാകെ വെളിച്ചമാണ്‌. ഒരു പോലീസ്കാരന്റെ കണിശതയോടെ വെട്ടം മൂലകളിലും മുക്കുത്തിയിലും പടർന്നിറങ്ങി നില്ക്കുന്നു.
കതകില്ലാത്ത മുറിയിൽ നിന്നോ ഇവൾ വന്നത്! ഈ തുറസ്സിലിരുന്നോ ഇവൾ എഴുതിയതൊക്കെയും! അടച്ചിരിക്കുവാനാവാത്ത മുറിയിൽ നിന്നും നീരുവന്നപോലുള്ള കൺപോളകളുമായി, പുതിയ ഭാഷയിൽ , പഴയവയിൽ നിന്നും അഴിച്ചെടുത്ത് പുതുതായി തുന്നിച്ചേർത്ത രസക്കൂട്ടുകളിൽ ഇവളെഴുതുകയായിരുന്നോ!
ഒരു കാറ്റിനപ്പുറം അവൾ, കുട്ടിപ്പാവാടയിട്ട് സ്കൂൾ കഴിഞ്ഞ് തിരികെ വരുന്നു.മേശപ്പുറത്തേയ്ക്ക് അന്നുള്ളിലാക്കിയ പുതിയ വാക്കുകളെ കുടഞ്ഞിട്ടൊരു കൂനയാക്കുന്നു. എതിർദിശയിൽ അപ്പോള്‍ ഒരു ഉറുമ്പിൻ കൂട്ടം പല ഭരണികളിൽ നിന്ന് സ്വരുക്കൂട്ടിയ മധുരവുമായി കൂട്ടിലേക്ക് വരിനീട്ടുന്നു.
 
നിശബ്ദതയിൽ, വാതിലില്ലാത്ത മുറിയിലേക്ക് കൊടുങ്കാറ്റടിച്ചും ഇളംകാറ്റിലൊഴുകിയും വന്ന പൂച്ചക്കാലുള്ള മനുഷ്യർ , അവളുടെ തോളൂകൾക്ക് പിറകിൽ നിന്ന് എഴുതിക്കൂട്ടിയവയിലേക്ക് കണ്ണുരുട്ടുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ചേർച്ചകളിൽ, ശ്രേണികളിൽ, കൂട്ടുകൂടിയിരിക്കുന്ന ആ വാക്കുകൾ പക്ഷേ അവർക്ക് അപ്രാപ്യമായി. ദുർഗ്രഹമായി. മനസ്സിലാകാതായി. അവരുടെ ശേഷിക്കുറവിന്റെ സർട്ടിഫിക്കറ്റുകളായി. 
 
അങ്ങനെ വാതില്ലായ്മയിൽ അവൾ വാക്കുകൾകൊണ്ട് ഒരു വാതിൽ തീർത്തു. വാതിൽ, കടന്നുവരുവാനുള്ള സ്വാതന്ത്രത്തിന്റെ രൂപകം മാത്രമില്ല,അടച്ചിരിക്കുവാനുള്ള ആർത്തനാദത്തിന്റെ പൂർത്തീകരണം കൂടിയാണെന്ന് കട്ടിവാക്കുകളാൽ കൊത്തി വച്ചു. ഒരിക്കലും മുഴുവനായി ഉറങ്ങാതെ, കൺപോളകളിലായി ഇത്തിരിയുറക്കമെന്നും അവൾ എടുത്ത് വെയ്ക്കുന്നു. ഇരുട്ടിന്റെ സർഗാത്മകതയെ, ആലസ്യങ്ങളെ , തൃഷ്ണകളെ അനുവദിക്കാത്ത നിരന്തര വെളിച്ചത്തെ അവൾ ആത്മാവിന്റെ ആമത്തിൽ അടച്ചിടുന്നു. വാതിലില്ലായ്മയുടെ തുറസ്സിനെ , എത്തിനോട്ടങ്ങളെ , നിരന്തരവേലിയേറ്റങ്ങളെ ഉൾമൗനത്താൽ ആർദ്രമാക്കുന്നു. നിരായുധീകരിക്കുന്നു.
 
അവളാകുനു എന്റെ കപ്പലിന്റെ വഴികാട്ടി. ഈ ലോകത്തിലെ എറ്റവും നിറഞ്ഞ കാന്തമലയുടെ മുനമ്പാണവൾ. മുനമ്പ് മാത്രം. കപ്പൽ ഛേധം കാത്തിരിക്കുന്ന നാവികൻ ഞാനും.