കൺപോളകളിൽ ഉറക്കത്തിന്റെ ഒരു തുണ്ടുമായ് ,
കാറ്റിലൊഴുകി നടക്കുന്ന ഒരുവളെ എനിക്കറിയാം. അവളുടെ കൺപോളകൾ എന്തിന്റെയോ തഴമ്പെന്നപോലെ എഴുന്ന് നില്ക്കുകയാണ്.
എന്തിന്റെയാകുമത്..!
കണ്ടെത്തുന്നവർക്ക് , അടുക്കാനുറയ്ക്കുന്നവർക്ക് മാത്രമായി കാലമിത്രയും മറഞ്ഞ് കിടന്നൊരു നിധിയുടെ തുടിപ്പാകുമോ!
അതോ കഴിഞ്ഞ്പോയ കാലമെന്തെങ്കിലും അവിടെ മറന്ന് വെച്ചതാകുമോ
അതോ, അതിനുമപ്പുറം ഇതുവരെ ഉണങ്ങാത്തൊരു മുറിവിന്റെ വിങ്ങലുകളാകുമോ!
അവളുടെ കൺപോളകൾക്കെന്താകും പറയാനുണ്ടാകുക?
കാറ്റിലൊഴുകുന്നതിനൊപ്പം ചുമരുകളിൽ അവൾ പതിപ്പിച്ച വളരെ പ്രത്യേകതയുള്ള പദസഞ്ചയങ്ങൾ, പുതിയ പ്രയോഗങ്ങൾ, വാക്കുകൾ അവയുടെ കട്ടിയുള്ള കൂട്ടികെട്ടലുകൾ...
അജ്ഞാതമായ ആ ഉൾക്കടലിലേക്ക് കപ്പലിറക്കുവാനിവയാണ് കാരണം. കാറ്റിലൊഴുകുന്ന അവളെ കപ്പലിൽ പിന്തുടരണമെന്ന് അവയാണ് പറഞ്ഞത്. കാറ്റിനൊപ്പമലഞ്ഞും തിരയ്ക്കൊപ്പം ഉലഞ്ഞുമുള്ള യാത്രകൾ. കാറ്റിനൊപ്പം അവളും അവൾക്കൊപ്പം കപ്പലും കപ്പലിൽ ഒരൊറ്റ നാവികനും.
അവളുടെ മുറിക്ക് വാതിലുകളില്ല.
ഒരിക്കലുമത് ഉണ്ടായിരുന്നതിന്റെ പാടുകളുമില്ല. എപ്പൊഴും ഇറങ്ങാനും കയറാനും സാധിക്കുന്ന ഗുഹാമുഖം പോലെയുണ്ടത്.
മുറിയിലാകെ വെളിച്ചമാണ്. ഒരു പോലീസ്കാരന്റെ കണിശതയോടെ വെട്ടം മൂലകളിലും മുക്കുത്തിയിലും പടർന്നിറങ്ങി നില്ക്കുന്നു.
കതകില്ലാത്ത മുറിയിൽ നിന്നോ ഇവൾ വന്നത്!
ഈ തുറസ്സിലിരുന്നോ ഇവൾ എഴുതിയതൊക്കെയും!
അടച്ചിരിക്കുവാനാവാത്ത മുറിയിൽ നിന്നും നീരുവന്നപോലുള്ള കൺപോളകളുമായി,
പുതിയ ഭാഷയിൽ ,
പഴയവയിൽ നിന്നും അഴിച്ചെടുത്ത് പുതുതായി തുന്നിച്ചേർത്ത രസക്കൂട്ടുകളിൽ ഇവളെഴുതുകയായിരുന്നോ!
ഒരു കാറ്റിനപ്പുറം അവൾ,
കുട്ടിപ്പാവാടയിട്ട് സ്കൂൾ കഴിഞ്ഞ് തിരികെ വരുന്നു.മേശപ്പുറത്തേയ്ക്ക് അന്നുള്ളിലാക്കിയ പുതിയ വാക്കുകളെ കുടഞ്ഞിട്ടൊരു കൂനയാക്കുന്നു.
എതിർദിശയിൽ അപ്പോള്‍ ഒരു ഉറുമ്പിൻ കൂട്ടം പല ഭരണികളിൽ നിന്ന് സ്വരുക്കൂട്ടിയ മധുരവുമായി കൂട്ടിലേക്ക് വരിനീട്ടുന്നു.
നിശബ്ദതയിൽ,
വാതിലില്ലാത്ത മുറിയിലേക്ക് കൊടുങ്കാറ്റടിച്ചും ഇളംകാറ്റിലൊഴുകിയും വന്ന പൂച്ചക്കാലുള്ള മനുഷ്യർ , അവളുടെ തോളൂകൾക്ക് പിറകിൽ നിന്ന് എഴുതിക്കൂട്ടിയവയിലേക്ക് കണ്ണുരുട്ടുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ചേർച്ചകളിൽ, ശ്രേണികളിൽ, കൂട്ടുകൂടിയിരിക്കുന്ന ആ വാക്കുകൾ പക്ഷേ അവർക്ക് അപ്രാപ്യമായി.
ദുർഗ്രഹമായി.
മനസ്സിലാകാതായി.
അവരുടെ ശേഷിക്കുറവിന്റെ സർട്ടിഫിക്കറ്റുകളായി.
അങ്ങനെ വാതില്ലായ്മയിൽ അവൾ വാക്കുകൾകൊണ്ട് ഒരു വാതിൽ തീർത്തു. വാതിൽ,
കടന്നുവരുവാനുള്ള സ്വാതന്ത്രത്തിന്റെ രൂപകം മാത്രമില്ല,അടച്ചിരിക്കുവാനുള്ള ആർത്തനാദത്തിന്റെ പൂർത്തീകരണം കൂടിയാണെന്ന് കട്ടിവാക്കുകളാൽ കൊത്തി വച്ചു.
ഒരിക്കലും മുഴുവനായി ഉറങ്ങാതെ, കൺപോളകളിലായി ഇത്തിരിയുറക്കമെന്നും അവൾ എടുത്ത് വെയ്ക്കുന്നു.
ഇരുട്ടിന്റെ സർഗാത്മകതയെ, ആലസ്യങ്ങളെ , തൃഷ്ണകളെ അനുവദിക്കാത്ത നിരന്തര വെളിച്ചത്തെ അവൾ ആത്മാവിന്റെ ആമത്തിൽ അടച്ചിടുന്നു. വാതിലില്ലായ്മയുടെ തുറസ്സിനെ ,
എത്തിനോട്ടങ്ങളെ ,
നിരന്തരവേലിയേറ്റങ്ങളെ ഉൾമൗനത്താൽ ആർദ്രമാക്കുന്നു. നിരായുധീകരിക്കുന്നു.
അവളാകുനു എന്റെ കപ്പലിന്റെ വഴികാട്ടി.
ഈ ലോകത്തിലെ എറ്റവും നിറഞ്ഞ കാന്തമലയുടെ മുനമ്പാണവൾ.
മുനമ്പ് മാത്രം.
കപ്പൽ ഛേധം കാത്തിരിക്കുന്ന നാവികൻ ഞാനും.
No comments:
Post a Comment